കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗം പിടിപെട്ടത്

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച 25-ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയായത് ആശങ്ക. ജില്ലയിലെ സ്ഥിതി അതീവഗുരുതരമായിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ളവരാണ്.

രണ്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും എത്തിയതാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലെ 12 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഈ സ്ഥലത്തെ മറ്റ് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുമരകം സ്വദേശിയായ മത്സ്യക്കടക്കാരനും രോഗം സ്ഥിരീകരിച്ചു എന്നതാണ് ഗുരുതരമായ സ്ഥിതി. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. തിരുവാതുക്കലും കുമരകത്തും ഇദ്ദേഹത്തിന് മീന്‍കടയുണ്ട്. ഇവിടെ നിരവധിപ്പേര്‍ വന്ന് പോയിട്ടുമുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം വന്നു എന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

അതേസമയം, എഴുമാന്തുരുത്ത് സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിക്കും എങ്ങനെയാണ് രോഗം വന്നു എന്ന് അറിയില്ല. നേരത്തെ രോഗം സ്ഥീരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ മകള്‍ക്കും (12) രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന എഴുമാന്തുരുത്ത് സ്വദേശിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 75കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്കും (28) വൈറസ് ബാധ സ്ഥിരീകരിച്ചു.

കോട്ടയത്ത് സ്ഥിതി അതീവഗുരുതരമായ സാഹചര്യത്തില്‍ പൊതുവാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേര്‍തിരിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഓട്ടോറിക്ഷാ, ടാക്‌സി, ബസ്സുകള്‍ എന്നിവയില്‍ ഇത്തരം സംവിധാനം ഉപയോഗിച്ചാലേ നിരത്തിലിറങ്ങാന്‍ അനുവദിക്കൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: പാറത്തോട് പഞ്ചായത്തിലെ 7, 8, 9 വാര്‍ഡുകള്‍ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Top