താഴത്തങ്ങാടി കൊലപാതകം; 3 ഫോണുകള്‍, കത്തികള്‍, കത്രിക, താക്കോല്‍ക്കൂട്ടം കണ്ടെടുത്തു

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തണ്ണീര്‍മുക്കത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. അതേസമയം, വേമ്പനാട്ട് കായലില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, കത്തികള്‍, കത്രിക, താക്കോല്‍ക്കൂട്ടം എന്നിവ പൊലീസ് കണ്ടെടുത്തു. കായലില്‍ നിന്ന് കണ്ടെടുത്ത ഫോണുകളും താക്കോലുകളും കത്തികളും പ്രതി മുഹമ്മദ് ബിലാല്‍ തിരിച്ചറിഞ്ഞു.

പ്രതിയായ മുഹമ്മദ് ബിലാല്‍ ദമ്പതിമാരെ അക്രമിച്ചശേഷം ആലപ്പുഴയിലേക്ക് കടക്കുന്നതിനിടെയാണ് ഇതെല്ലാം കായലിലേക്ക് വലിച്ചെറിഞ്ഞത്. കൊല്ലപ്പെട്ട ഷീബയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന മൂന്ന് മൊബൈല്‍ ഫോണുകളാണ് കായലില്‍ നിന്ന് കണ്ടെത്തിയത്. മാത്രമല്ല വീട്ടില്‍ നിന്ന് കൈക്കലാക്കിയ താക്കോല്‍കൂട്ടവും പ്രതിയുടെ കൈവശമുണ്ടായിരുന്ന കത്തികളും കത്രികയുമാണ് കായലില്‍നിന്ന് തപ്പിയെടുത്തത്.

ഇനി ആലപ്പുഴയിലെത്തിച്ചാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. കാര്‍ ഉപേക്ഷിച്ച ശേഷം മുഹമ്മദ് ബിലാല്‍ ആലപ്പുഴയില്‍ തങ്ങിയിരുന്നു. അതേസമയം, മുഹമ്മദ് ബിലാല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, പ്രതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം പൊലീസ് തള്ളി. അക്രമം നടത്തിയ രീതിയും രക്ഷപ്പെട്ട മാര്‍ഗവും സൂചിപ്പിക്കുന്നത് അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നാണെന്നും പൊലീസ് പറയുന്നു.

Top