വീട്ടമ്മയുടെ കൊലപാതകം; മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താന്‍: മൊഴി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാല്‍ പൊലീസിനോട് പറഞ്ഞത്.

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
വീട്ടില്‍ പിതാവുമായി നല്ല ബന്ധത്തില്‍ അല്ലായിരുന്നതിനാല്‍ പണം കണ്ടെത്താന്‍ മറ്റുവഴിയുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബിലാല്‍ പറഞ്ഞു.

അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയുമായി പൊലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാല്‍ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു.

Top