പഴയിടം ഇരട്ടക്കൊല: രക്തക്കറയും വിരലടയാളവും നിർണായകമായി

പഴയിടം: ആഡംബരജീവിതത്തിന് കൊലപാതകവും തുടർന്ന് മോഷണങ്ങളും നടത്തിയ അരുൺ ശശി ഇരട്ടക്കൊലയിൽ ജാമ്യം നേടിയ ശേഷം ആൾമാറാട്ടം നടത്തി ചെന്നൈയിൽ കഴിഞ്ഞപ്പോഴും മോഷണത്തിന് പിടിയിലായി.

2013-ലെ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ അരുണിന് ജാമ്യം ലഭിച്ചു. പിന്നീട് ഇയാൾ മുങ്ങി. ഇതറിഞ്ഞ പഴയിടം ഗ്രാമം ഭീതിയിലായി. അയാൾ നാട്ടിലേക്കെത്തുമോ, കേസിൽ മൊഴികൾ നൽകിയവരുടെയും മരിച്ചവരുടെ മക്കളുടെയും ജീവന് ഭീഷണിയാകുമോ…എന്നിങ്ങനെയുള്ള ഭീതിയിലായിരുന്നു അക്കാലത്ത് നാട്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ ചെന്നൈയിലേക്കാണ് കടന്നത്. അരുൺ ഋഷിവാലി എന്ന വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി കടകളിൽ ജോലി ചെയ്തു.

അതിനിടെ മോഷണത്തിന് പിടിയിലായി. പക്ഷേ, ചെന്നൈ പോലീസിനോ ഇയാളുമായി ബന്ധപ്പെട്ടവർക്കോ കൊലക്കേസ് പ്രതിയാണെന്ന് സൂചന ലഭിച്ചില്ല. 2016 ഫെബ്രുവരിയിലാണ് കേരള പോലീസ് അരുണിനെ ചെന്നൈയിൽനിന്ന് കസ്റ്റഡിയിലെടുത്ത് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.

ആൺമക്കളില്ലാത്ത ഭാസ്‌കരൻ നായരും തങ്കമ്മയും ഒരു മകന് നൽകാവുന്ന സ്‌നേഹവും പരിഗണനയും അരുണിന് നൽകിയിരുന്നെന്ന് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ റിട്ട.സൂപ്രണ്ടായിരുന്നു പഴയിടം തീമ്പനാൽ(ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ. ഭാര്യ തങ്കമ്മ റിട്ട.കെ.എസ്.ഇ.ബി.സൂപ്രണ്ടും. തങ്കമ്മയുടെ സഹോദരപുത്രനാണ് അരുൺ. പെൺമക്കൾ അവരുടെ ഭർതൃവീടുകളിലായിരുന്നതിനാൽ വീട്ടിലെ കാര്യങ്ങൾക്കെല്ലാം പലപ്പോഴും ഇയാൾ സഹായിയായിരുന്നു. അത്യാവശ്യത്തിന് പണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ആഡംബരജീവിതത്തിന് പണം സമ്പാദിക്കാനുള്ള വ്യഗ്രതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് തെളിഞ്ഞു.

Top