അഞ്ജുവിന്റെ മൃതദേഹവുമായി വീടിനു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: കോപ്പിയടി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത അഞ്ജു പി. ഷാജിയുടെ മൃതദേഹവുമായി വീടിനു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കൂട്ടാതെ അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്.ബന്ധുക്കള്‍ ഒരു മണിക്കൂറോളം മൃതദേഹവുമായി പ്രതിഷേധം തുടര്‍ന്നു.

പിന്നീട് പി.സി.ജോര്‍ജ് എംഎല്‍എ സംഭവസ്ഥലത്തെത്തി അനുനയ ശ്രമങ്ങള്‍ നടത്തി. പിതാവും മറ്റു ബന്ധുക്കളുമായി സംസാരിച്ചു. അഞ്ജുവിന്റെ മരണത്തില്‍ ശക്തമായി അന്വേഷണം ഉണ്ടാകുമെന്ന് പി.സി. ജോര്‍ജ് ഉറപ്പു നല്‍കി.

വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരം നടക്കും.

അതേസമയം അഞ്ജുവിന്റെ മരണം എംജി സര്‍വകലാശാല മൂന്നംഗ സമിതി അന്വേഷിക്കും. ഡോ.എം.എസ്.മുരളി, ഡോ.അജി സി പണിക്കര്‍, പ്രൊഫ.വി.എസ്.പ്രവീണ്‍കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Top