സുക്കര്‍ബര്‍ഗിന്റെ ‘ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ ഗ്രാന്‍ഡ് ലഭിച്ചവരില്‍ കോട്ടയം സ്വദേശിയും

കോഴിക്കോട്: ഈ വര്‍ഷത്തെ ‘ഇമേജിങ് സയന്റിസ്റ്റ് ഗ്രാന്റ്’ ലഭിച്ചവരില്‍ കോട്ടയം സ്വദേശി ഡോ.പ്രമോദ് പിഷാരടിയും. നൂതന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ള ഗ്രാന്‍ഡ് തുക 6.86 ലക്ഷം ഡോളര്‍ (5 കോടി രൂപ) ആണ്. അഞ്ചു വര്‍ഷമാണ് കാലാവധി. മാര്‍ക് സുക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേര്‍ന്ന് രൂപം നല്‍കിയ ‘ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ (CZI) ഗ്രാന്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി ശാസ്ത്രജ്ഞനാണ് ഡോ.പിഷാരടി. മുന്‍ യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ തുടങ്ങിവെച്ച ‘ഒബാമ ബ്രെയിന്‍ ഇനിഷ്യേറ്റീവി’വില്‍ (Obama BRAIN Initiative) പ്രവര്‍ത്തിച്ച ഡോ.പിഷാരടി നിലവിൽ മിനസോട്ട സര്‍വകലാശാലയ്ക്ക് കീഴിൽ ‘മാഗ്നറ്റിക് റെസണന്‍സ് റിസര്‍ച്ച് സെന്ററി’ല്‍ (CMRR) ഗവേഷകനാണ്.

ഡോ.പിഷാരടി ഉള്‍പ്പടെ, ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്തുന്ന എഞ്ചിനിയര്‍മാര്‍, ഭൗതികശാസ്ത്രജ്ഞര്‍, ഗണിതവിദഗ്ധര്‍, കമ്പ്യൂട്ടര്‍ ഗവേഷകര്‍, ജീവശാസ്ത്രജ്ഞര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 22 ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണ സി.സെഡ്.ഐ.ഗ്രാന്‍ഡ് ലഭിച്ചത്. ഇവര്‍ക്ക് മൊത്തം 1.75 കോടി ഡോളര്‍ (130 കോടി രൂപ) ആണ് ഗ്രാന്‍ഡ്. സക്കര്‍ബര്‍ഗ്ഗും ചാനും തങ്ങളുടെ ഫെയ്‌സ്ബുക്ക് ഓഹരികളുടെ 99 ശതമാനം വരുമാനമാണ് ഇതിലേക്ക് സംഭാവന ചെയ്തത്. രോഗങ്ങള്‍ ഇല്ലാതാക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, കുറ്റകൃത്യ നീതിനിര്‍വഹണം പരിഷ്‌ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സി.സെഡ്.ഐ 2015 ഡിസംബറിലാണ് ആരംഭിച്ചത്. ഇമേജിങ് വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നവീന കമ്പ്യൂട്ടേഷണല്‍ ആല്‍ഗരിതങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് ഡോ.പിഷാരടിയെന്ന്, സി.സെഡ്.ഐ. അറിയിപ്പില്‍ പറഞ്ഞു.

‘അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്’ (ALS), പാര്‍ക്കിന്‍സണ്‍സ് രോഗം, അല്‍ഷൈമേഴ്‌സ് എന്നിങ്ങനെയുള്ള മസ്തിഷ്‌ക അപചയ രോഗങ്ങളെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ള പദ്ധതിയാണ് ഗ്രാന്റിനായി ഡോ. പിഷാരടി സമര്‍പ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാഗമായ ഡീപ് ലേണിങിന്റെ സാധ്യതകളും ഈ പ്രോജക്ടിനായി പ്രയോജനപ്പെടുത്തും. മസ്തിഷ്‌ക്കത്തിലെ ന്യൂറല്‍ കണക്ഷനുകള്‍ മാപ്പ് ചെയ്യാനുപയോഗിക്കുന്ന നൂതന വിദ്യയാണ് ‘പ്രസരണ എം.ആര്‍.ഐ.’ (diffusion MRI). അതിനെ പുതിയ സാധ്യതകളിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് ഡോ. പിഷാരടി. ഇതുസംബന്ധിച്ച് പ്രധാനപ്പെട്ട ഒരു പഠനറിപ്പോര്‍ട്ട് ‘നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ബയോളജി’ ജേര്‍ണലില്‍ കഴിഞ്ഞ ജൂലായില്‍ ഡോ.പിഷാരടിയും സംഘവും പ്രസിദ്ധീകരിച്ചിരുന്നു. ഈ ദിശയിലുള്ള ഗവേഷണം അടുത്ത അഞ്ചുവര്‍ഷത്തേക്ക് തുടരാന്‍ ഡോ.പിഷാരടിക്ക് സി.സെഡ്.ഐ.ഗ്രാന്‍ഡ് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.

 

Top