കൈക്കൂലി; കോട്ടയം മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. കൊല്ലം സ്വദേശിനി എം.പി.ഡെയ്സിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുനിസിപ്പല്‍ ഓഫീസിലാണ് സംഭവം. 2000 രൂപയാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. ഓഫീസില്‍ ക്യാമറ സ്ഥാപിച്ചിട്ടുള്ളതിനാല്‍ പണം കൈയില്‍ വാങ്ങാതെ മേശയ്ക്കുള്ളില്‍ നിക്ഷേപിക്കാന്‍ ഡെയ്സി ആവശ്യപ്പെട്ടു. മേശയ്ക്കുള്ളില്‍ നിന്ന് വിജിലന്‍സ് പണം പിടിച്ചെടുത്തു.

കോട്ടയം ചാലുകുന്ന് സ്വദേശിയുടെ വീടിന് സമീപമുള്ള റോഡ് അയല്‍വാസി മണ്ണിട്ട് ഉയര്‍ത്തിയിരുന്നു. റോഡിന് രൂപമാറ്റം വരുത്തിയതു സംബന്ധിച്ച് ഇദ്ദേഹം മുനിസിപ്പാലിറ്റിയില്‍ മൂന്നു മാസം മുന്‍പ് പരാതി നല്‍കി. എന്നാല്‍ മൂന്ന് മാസമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

ജൂണ്‍ നാലിന് ഡെയ്സി പരാതിക്കാരനായ വ്യക്തിയെ ഫോണില്‍ വിളിച്ചു. പരാതി കണ്ടെന്ന് അറിയിക്കുകയും 13-ന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. തന്നോടൊപ്പമുള്ള ഡ്രൈവര്‍ക്ക് പണം കൊടുക്കണമെന്ന് പറഞ്ഞ് ഡെയ്‌സി 100 രൂപ പരാതിക്കാരനില്‍ നിന്ന് വാങ്ങി നല്‍കി. പരാതിയില്‍ തീര്‍പ്പു കല്പിക്കണമെങ്കില്‍ 5000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ആദ്യ ഗഡുവായി 2000 രൂപയുമായി തിങ്കളാഴ്ച മുനിസിപ്പാലിറ്റി ഓഫീസില്‍ വരാന്‍ പരാതിക്കാരനോട് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയിരുന്നു.

വിജിലന്‍സ് കിഴക്കന്‍ മേഖല റേഞ്ച് പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ യൂണിറ്റ് ഡി.വൈ.എസ്.പി സുരേഷ്‌കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, എ.ജെ.തോമസ്, നിഷാദ് മോന്‍, എസ്.ഐ. വിന്‍സെന്റ് കെ.മാത്യു, എ.എസ്.ഐ.മാരായ തോമസ് ജോസഫ്, അജിത് ശങ്കര്‍, ജയകുമാരന്‍ നായര്‍, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ തുളസീധര കുറുപ്പ് എന്നിവരാണ്
വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്‌.

Top