കോട്ടയം ചിങ്ങവനത്ത് കരോള്‍ സംഘത്തെ ആക്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍

arrest

കോട്ടയം: ചിങ്ങവനം പാത്താമുട്ടത്ത് കരോള്‍ സംഘത്തെ ആക്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. പാത്താമുട്ടം സ്വദേശികളായ ശ്രീക്കുട്ടന്‍, അലന്‍ ജോസഫ്, ശ്രീജിത്ത്, നിധീഷ്, അജിത്കുമാര്‍, അഖില്‍ എന്നിവരും ഏഴാം പ്രതി പ്രായപൂര്‍ത്തിയാകാത്തയാളുമാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി.

മറ്റ് ആറു പേരെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി. മൂന്നു മാസത്തേക്ക് പനച്ചിക്കാട് വില്ലേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കോടതി ഇവര്‍ക്ക് ജാമ്യം നല്‍കി.
കുറിച്ചി പാത്താമുട്ടം പാമ്പൂരംപാറയിലെ ആംഗ്ലിക്കന്‍ പള്ളിയില്‍ നിന്നു പോയ കരോള്‍ സംഘത്തിനെയാണ് ആക്രമിച്ചത്. തുടര്‍ന്ന് പള്ളിക്ക് നേരേയും ആക്രമണം ഉണ്ടായി. ആക്രമ സംഘത്തിന്റെ കല്ലേറില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു.

ആക്രമണത്തില്‍ പള്ളിക്കുള്ളിലെ വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ മൂന്ന് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പള്ളിക്ക് സമീപം വച്ചിരുന്ന ബൈക്കിനും അക്രമികള്‍ കേടുവരുത്തി.

Top