കോട്ടയത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുൺ സുരേഷാണ് പിടിയിലായത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെള്ളം ചോദിച്ചതിന് ശേഷം പ്രതി വീട്ടിലേക്ക് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇവരെത്തി പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Top