കോടികളുടെ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു

കോട്ടയം: കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ രാജിവെച്ചു.പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയില്‍ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ കുടിശിക നല്‍കാനാവാത്ത വിധം പ്രതിസന്ധിയില്‍ ആയിരുന്നു ബാങ്ക്.

ക്രമരഹിതമായ വായ്പകള്‍ നല്‍കിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയര്‍ന്നിരുന്നു. നിക്ഷേപര്‍ക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സിനും കോടതി ജാമ്യം അനുവദിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎല്‍എ കോടതിയുടെതാണ് വിധി. കേസില്‍ മൂന്നാം പ്രതിയായ പി ആര്‍ അരവിന്ദാക്ഷന്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ഇഡിയുടെ വാദം.

Top