നിലപാടില്‍ പിന്നോട്ടില്ലാതെ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍; കോട്ടയം തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍

കോട്ടയം/തിരുവല്ല: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍. നിലപാടില്‍ നിന്ന് പിന്നോട്ടേയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു വിഭാഗങ്ങളും ആവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. പി ജെ ജോസഫ് നിര്‍ദ്ദേശിക്കുന്ന ആളിനെ യുഡിഎഫ് അംഗീകരിക്കണമെന്നു മോന്‍സ് ജോസഫും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തങ്ങള്‍ പ്രഖ്യാപിച്ച ആളുതന്നെയാണെന്ന് ജോസ് കെ മാണിയും പറഞ്ഞു.

ആരെ പിന്തുണയ്ക്കണമെന്ന് ആശയക്കുഴപ്പമുണ്ടായതോടെ ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. തുടര്‍ന്ന് നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിക്കുകയും ചെയ്തു. അതേസമയം പ്രതിസന്ധി പരിഹരിക്കാനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു. യുഡിഎഫ് നടത്തുന്ന ചര്‍ച്ചകളുമായി സഹകരിക്കുമെന്നാണ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, വിപ്പിന്റെ പേരില്‍ ജോസഫ് വിഭാഗം വ്യാജ പ്രചാരണം നടത്തുകയാണെന്ന് ജോസ് കെ മാണി ആരോപിക്കുകയും ചെയ്തു.

Top