കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; 6 അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി പി.ജെ.ജോസഫ്

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടയില്‍ വര്‍ക്കിങ് ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് പി.ജെ.ജോസഫ് 6 അംഗങ്ങള്‍ക്കു രാവിലെ വിപ്പു നല്‍കി. അജിത് മുതിരമലയ്ക്ക് വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് അംഗങ്ങളുടെ വീടിന്റെ ഭിത്തിയിലാണു വിപ്പ് ഒട്ടിച്ചത്. നാളെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

ജോസ് കെ. മാണി വിഭാഗം സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്റാക്കാന്‍ രണ്ടു ദിവസം മുമ്പു ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം വിപ്പു നല്‍കിയിരുന്നു.

വിപ്പു നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റില്‍ നിന്നു തിരിച്ചെടുത്താണ് പി.ജെ. ജോസഫ് വിപ്പു നല്‍കിയത്. ഏതു വിപ്പിനാണു നിയമസാധുതയെന്നു തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനിക്കേണ്ടത്.

അതിനിടെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് പി.ജെ.ജോസഫ് നല്‍കിയ ഹര്‍ജി ഈ മാസം 25നു പരിഗണിക്കുന്നതിനായി ഇടുക്കി മുന്‍സിഫ് കോടതി വീണ്ടും മാറ്റി.

Top