കേരള കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് പ്രാദേശിക വിഷയം മാത്രമെന്ന് സി.പി.എം

cpm

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന് പിന്തുണ നല്‍കിയത് പ്രാദേശിക വിഷയം മാത്രമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത് മുന്നണി ബന്ധവുമായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സി.പി.എം. പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട് ഘടകകക്ഷിയായ സി.പി.ഐയില്‍ നിന്നും വന്‍വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയത്.

നേരത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണ തേടിയതു നിര്‍ഭാഗ്യകരമായിപ്പോയെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വ്യാപക എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു മാണിയുടെ നിലപാട് മാറ്റം.

Top