യുവ ഡോക്ടറുടെ മരണം; പ്രതി വീട്ടിലും നാട്ടിലും അക്രമണകാരി, മയക്കുമരുന്നിനടിമ

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൂയംപള്ളി സ്വദേശി സന്ദീപ് സ്ഥിരം പ്രശ്നക്കാരനെന്ന് പ്രദേശവാസികൾ. അധ്യാപകനായ സന്ദീപ് മയക്കമരുന്നിനടിമയായിരുന്നുവെന്നും പറയുന്നു. മയക്കമരുന്ന് ലഹരിയിൽ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ രാത്രിയിൽ വീട്ടിൽ പ്രശ്നമുണ്ടാക്കുകയും അക്രമാസക്തനാകുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഇയാൾ തന്നെയാണ് വീട്ടിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയത്.

തുടർന്ന് പൊലീസുകാർ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് കൊണ്ടുവരുകയായിരുന്നു. ബന്ധുക്കളും പൊലീസിനൊപ്പം ആശുപത്രിയിലെത്തി. പുലർച്ചെയാണ് ഇവർ ആശുപത്രിയിലെത്തിയത്. രാവിലെ നാല് മണിയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലുണ്ടായ പ്രശ്നത്തിൽ ഇയാൾക്ക് കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സക്കെത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. മുറിവ് ചികിത്സിക്കുന്നതിനിടെ‌‌യാണ് ആക്രമണമുണ്ടായത്.

ആശുപത്രിയിലെത്തിയ സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനായി. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്തി കൈക്കലാക്കി. തടയാൻ ചെന്ന പൊലീസുകാരെ ആദ്യം കുത്തി. തുടർന്ന് ഡോക്ടറുടെ മുറിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ നെഞ്ചിൽ കയറി‌യിരുന്നാണ് ഇയാൾ തുരുതുരാ കുത്തിയതെന്ന് ദൃക്സാക്ഷി പറയുന്നത്. തടയാൻ ശ്രമിച്ച എയ്ഡ് പോസ്റ്റിലെ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. പിന്നീട് പിന്നിലും കുത്തി. കഴുത്തിലും നെഞ്ചിലുമേറ്റ കുത്തേറ്റാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം‍‍ഡിഎംഎ അടക്കം ഉപയോ​ഗിക്കുന്നയാളാണ് പ്രതി സന്ദീപെന്ന് ആരോപണമുയർന്നു.

പൊലീസ് വിലങ്ങണിയിക്കാതെ ഇത്രയും അക്രമകാരിയായ ഒരാളെ ആശുപത്രിയിലെത്തിച്ചത് ​ഗുരുതര വീഴ്ചയാണെന്ന് ഐഎംഎ ആരോപിക്കുന്നു. മതിയായ സുരക്ഷ‌യും ഒരുക്കിയിരുന്നില്ല. ശാരീരികമായി കരുത്തനായ സന്ദീപിനൊപ്പം മൂന്നോ നാലോ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. കെജിഎംഒയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വീട്ടിലും നാട്ടിലും ഇത്രത്തോളം പ്രശ്നമുണ്ടാക്കിയ പ്രതിയെ വളരെ ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും ആരോപണമുയർന്നു. അക്രമണത്തിന് ശേഷമാണ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇയാൾ ഡീഅഡിക്ഷൻ സെന്ററിൽ നിന്ന് ഈ‌യടുത്താണ് പുറത്തിറങ്ങിയത്.

Top