കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതകം ; പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

court

മലപ്പുറം: കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

സഹോദരങ്ങളായ പുളിക്കല്‍ അബ്ദു(45), അബൂബക്കര്‍ (50) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കേസില്‍ 11 പ്രതികളാണുള്ളത്. കോട്ടക്കല്‍ കുറ്റിപ്പുറം അമരിയില്‍ അബുസൂഫിയാന്‍, പള്ളിപ്പുറം യൂസുഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, പള്ളിപ്പുറം ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാന്‍, തയ്യില്‍ സൈതലവി, അമരിയില്‍ മുഹമ്മദ് ഹാജി, പള്ളിപ്പുറം അബ്ദു ഹാജി, തയ്യില്‍ മൊയ്തീന്‍കുട്ടി, പള്ളിപ്പുറം അബ്ദുര്‍ റഷീദ്, അമരിയില്‍ ബീരാന്‍ എന്നിവര്‍ക്കെതിരായ കുറ്റമാണ് തെളിയിക്കപ്പെട്ടത്.

ഇതില്‍ ഏഴാം പ്രതി അമരിയില്‍ മുഹമ്മദ് ഹാജി വിചാരണ കാലയളവില്‍ മരിച്ചിരുന്നു.

2008 ആഗസ്ത് 29 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.

ജുമാമസ്ജിദ് കമ്മറ്റി പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിരുന്നത്.

Top