കോതമംഗലം പള്ളി തര്‍ക്കം ; പ്രാര്‍ത്ഥനയ്ക്കായി എത്തിയ റമ്പാനെ തടഞ്ഞിട്ട് 17 മണിക്കൂര്‍

കൊച്ചി ; ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ കോതമംഗലം പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയ കോടതി വിധി നടപ്പിലാക്കാതെ തിരിച്ച് പോകില്ലെന്ന് തോമസ് പോള്‍ റമ്പാന്‍.

ഇന്നലെ ഉച്ച മുതല്‍ പള്ളിക്ക് മുന്നില്‍ പൊലീസ് കാവലില്‍ കാറില്‍ കഴിഞ്ഞുകൂടുകയാണ് തോമസ് പോള്‍ റമ്പാന്‍. നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ റമ്പാനും 4 ഓര്‍ത്തഡോക്‌സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്റെ ഡ്രൈവറെ പോലീസ് പുലര്‍ച്ചെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ പത്തരയോടെ പൊലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ കോതമംഗലം ചെറിയ പള്ളിയിലെത്തുകയും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഉച്ചക്ക് ഒരു മണിയോടെ പള്ളിയിലെത്തിയ തോമസ് പോള്‍ റബ്ബാനെതിരെ പ്രതിഷേധം കനത്തുവെങ്കിലും അദ്ദേഹം മടങ്ങിപ്പോകാന്‍ തയ്യാറായില്ല.

വിധി നടപ്പിലാക്കുന്നത് വരെ തിരികെ പോകില്ലെന്നുള്ള നിലപാട് സ്വീകരിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭ നേതൃത്വവും തോമസ് പോള്‍ റബ്ബാന് നിര്‍ദേശം നല്‍കിയത്. പ്രതിഷേധവുമായി നൂറുകണക്കിന് യാക്കോബായ സഭ വിശ്വാസികളാണ് പള്ളിയില്‍ ഒത്തുകൂടിയിട്ടുള്ളത്. തോമസ് പോള്‍ റബ്ബാന്റെ വാഹനത്തിന് മുന്നില്‍ രാത്രിയിലും പ്രതിഷേധവുമായി യാക്കോബായ സഭ വിശ്വാസികള്‍ അണിനിരന്നു. ഇതിനാല്‍ രാത്രി വൈകിയും തോമസ് പോള്‍ റബ്ബാന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.

Top