കോശി കുര്യന്‍ തെലുങ്കില്‍ ‘ഡാനിയല്‍ ശേഖര്‍’; റാണയുടെ ഫസ്റ്റ് ലുക്ക് 20ന്

ച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളായ പവന്‍ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. തെലുങ്ക് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ചെയ്ത അയ്യപ്പന്‍ നായരായി പവര്‍ സ്റ്റാര്‍ പവന്‍ കല്യാണും, പൃഥ്വിരാജിന്റെ കോശി കുര്യനായി റാണയുമെത്തുന്നു.

മലയാളത്തിലെ പോലെ രണ്ട് കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കിയല്ല തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. പവര്‍ സ്റ്റാറിന്റെ ഭീംല നായക് എന്ന പൊലീസ് കഥാപാത്രത്തിനാണ് റീമേക്കില്‍ കൂടുതല്‍ പ്രാധാന്യം. എങ്കിലും വില്ലനായും നായകനായും പേരെടുത്ത റാണയുടെ പ്രകടനം കാണാനും ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

സാഗര്‍ ചന്ദ്രയുടെ സംവിധാനത്തില്‍ ത്രിവിക്രം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ കോശി കുര്യന്റെ പേര് ‘ഡാനിയല്‍ ശേഖര്‍’ എന്നാണ്. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ സെപ്തംബര്‍ 20ന് പുറത്തുവിടും. മലയാളത്തില്‍ പൃഥ്വി ചെയ്ത അതേ ഗെറ്റപ്പാണ് റാണക്കും തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്തിയുള്ള പോസ്റ്ററിലൂടെ വ്യക്തമാകുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് റാം ലക്ഷ്മണ്‍ ആണ്. മലയാളിയായ നിത്യ മേനന്‍ ആണ് നായിക. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം 2022 ജനുവരി 12ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.

 

Top