പുരോഗതി ലക്ഷ്യം; ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വ്യാഴാഴ്ചയും ചര്‍ച്ച നടക്കുന്നു

SOUTH

സോള്‍: ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വ്യാഴാഴ്ചയും ചര്‍ച്ചകള്‍ നടക്കും. പ്രാദേശിക സമയം രാവിലെ 10 മണിയ്ക്ക് പന്മൂഞ്ഞോമിലാണ് യോഗം നടക്കുന്നതെന്ന് യോന്‍ഹാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ പ്രതിനിധിയായ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി കിം ജിയോങ് റയോളും ഉത്തര കൊറിയയില്‍ നിന്നുള്ള പ്രതിനിധിയായ പാരിസ്ഥിതിക സംരക്ഷണ ഉപമന്ത്രി പാക് യോങ്‌ഹോയും തമ്മിലായിരിക്കും ചര്‍ച്ച നടത്തുക.

ഏപ്രില്‍ 27ന് നടന്ന ഇന്റര്‍ കൊറിയന്‍ ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ ഉറപ്പിച്ച കരാറിന്റെ ഭാഗമായി റോഡുകളെ ബന്ധിപ്പിക്കുന്നതും ആധുനികവല്‍ക്കരിക്കുന്നതും സംബന്ധിച്ച ചര്‍ച്ച നടക്കുമെന്നാണ് സൂചന.

കൂടാതെ കൊറിയന്‍ സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്യോങ്യാങും സിയോളും തമ്മില്‍ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു കൊറിയകളും തമ്മില്‍ റെയില്‍വേ സഹകരണത്തെക്കുറിച്ച് ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കൊറിയന്‍ പെനിന്‍സുലയുടെ കിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും റെയില്‍വേയുടെ നവീകരണം നടത്തുന്നത് സംബന്ധിച്ച പഠനം നടത്തണമെന്നും തീരുമാനമായിരുന്നു.

Top