റോസ്റ്റോവ്: നിലവിലെ ചാമ്പ്യന്‍മാരെ അട്ടിമറിയിലൂടെ തകര്‍ത്ത മെക്‌സിക്കോയ്ക്ക് ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം. കാര്‍ലോസ് വേലയുടെയും ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും ഗോളിലാണ് മെക്‌സിക്കോ ദക്ഷിണ കൊറിയയെ തറപറ്റിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ശൈലി കൈവിടാതെ കളിച്ച മെക്‌സിക്കോ കൊറിയന്‍ പ്രതിരോധ നിരയെ തകര്‍ക്കുകയായിരുന്നു. കൊറിയന്‍ താരങ്ങള്‍ക്ക് അനുകൂലമായ അവസരങ്ങള്‍ പാഴാക്കിയതും മെക്‌സിക്കോയ്ക്ക് വിജയത്തിലേക്കുള്ള പാത തുറന്നു കൊടുത്തു.
26-ാമത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കിയാണ് മെക്‌സിക്കോ ആദ്യ ഗോള്‍ ലീഡ് ചെയ്തത്. 66-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന് ലഭിച്ച പാസ് മനോഹരമായി പോസ്റ്റിലേക്ക് ഫിനിഷ് ചെയ്താണ് മെക്‌സിക്കോ രണ്ടാം ഗോളും സ്വന്തമാക്കിയത്.
കാര്‍ലോസ് വേല പെനാല്‍റ്റി പാഴാക്കാതെ ബോള്‍ വലയിലെത്തിച്ചതോടെയാണ് കൊറിയന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായത്. ദക്ഷിണ കൊറിയന്‍ ബോക്‌സില്‍ വച്ച് ഹെര്‍ണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാംഗ് ഹ്യൂന്റെ കൈയില്‍ പന്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് വിധിച്ച പെനാല്‍റ്റിയാണ് മെക്‌സിക്കോ പാഴാക്കാതെ വലയിലെത്തിച്ചത്. അതേസമയം, ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഇഞ്ചുറി ടൈമില്‍ എച്ച്.എം സണ്‍ ആദ്യ ഗോളടിച്ചു.