Koppal Accident: Lying In Blood, Karnataka Teen Cried For Help. They Filmed Him Instead

death

ബെംഗളൂരു: അപകടത്തില്‍ പരിക്ക് പറ്റി ചോര വാര്‍ന്ന് കിടന്നയാളെ സഹായിക്കാതെ ഫോണില്‍ ചിത്രമെടുത്ത് ജനങ്ങള്‍. ബെംഗളൂരുവിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. അന്‍വര്‍ അലി എന്ന 18കാരനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ബെംഗളൂരുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കൊപ്പലിലാണ് അന്‍വര്‍ അപകടത്തില്‍പ്പെടുന്നത്. യുവാവ് സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു സര്‍ക്കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു.

25 മിനിറ്റ് ആരും സഹായിക്കാനില്ലാതെ കിടന്ന അന്‍വര്‍ പിന്നീട് ചോര വാര്‍ന്ന് മരിച്ചു. ആരും അന്‍വറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലെന്നും എല്ലാവരും അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനാണ് ശ്രമിച്ചതെന്നും സഹോദരന്‍ റിയാസ് പ്രതികരിച്ചു. ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കില്‍ അന്‍വറിനെ രക്ഷപ്പെടുത്താമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും ഭീകരമായ ഒരു അപകടം കണ്‍മുന്നില്‍ കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍ തരിച്ച് നില്‍ക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി പി.ടി.ഐയോട് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് മൈസൂരുവിലും സമാനസ്വഭാവമുള്ള സംഭവം നടന്നിരുന്നു. ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന് പൊലീസ്‌
ജീപ്പിനുള്ളില്‍ കുടുങ്ങിയ 38കാരനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു അന്ന് ജനങ്ങളുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശരീരം രണ്ട് കഷണമായി മുറിഞ്ഞുപോയ ബൈക്ക് യാത്രികനായ ചെറുപ്പക്കാരന്‍ സഹായത്തിനായി അപേക്ഷിക്കുന്ന രംഗം വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Top