Koolam-paravur

കൊല്ലം: കൊല്ലം പരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു പുരയ്ക്ക് തീപിടിച്ച് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി. നൂറു കണക്കിന് ആളുകളെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

പരവൂരിന് സമീപത്തെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലാണ് പുലര്‍ച്ചെ 3.30ന് നാടിനെ നടുക്കിയ ദുരന്തം നടന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടം. രാത്രി പന്ത്രണ്ടു മണിയോടൊണ് വെടിക്കെട്ട് തുടങ്ങിയത്. 3.30ഓടെ വെടിക്കെട്ട് അവസാനഘട്ടത്തിലേക്ക് കടന്നപ്പോഴാണ് കമ്പപ്പുരയ്ക്ക് തീപിടിച്ചത്.

വെടിക്കെട്ടിനായി കൊണ്ടുവന്ന അമിട്ടുകളില്‍ കുറച്ചെണ്ണം കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്നു. ഒരു ഭാഗത്ത് അമിട്ടുകള്‍ കത്തിക്കുന്നതിനിടെ അതിലൊരെണ്ണം വെടിക്കെട്ടു പുരയിലേക്ക് പതിക്കുകയും അവിടെയുണ്ടായിരുന്ന അമിട്ടുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ വെടിപ്പുര അഗ്‌നിഗോളമായി മാറി. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ദേവസ്വം ബോര്‍ഡിന്റെ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നു വീണു. വീടുകള്‍ക്കും കേടുപാട് പറ്റി. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടങ്ങിയതയാണ് സൂചന.

ഉടന്‍ തന്നെ അഗ്‌നിശമന സേന പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ തീ പടര്‍ന്നു പിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കഴക്കൂട്ടം സ്വദേശി ഉമേഷാണ് വെടിക്കെട്ടിന്റെ കരാര്‍ എടുത്തിരുന്നത്. വെടിക്കെട്ട് നടത്തുന്നതിന് കളക്ടര്‍ അനുമതി നല്‍കിയിരുന്നില്ല.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി ജില്ലാ ആശുപത്രി, കിംസ് ആശുപത്രികളിലായ പ്രവേശിപ്പിച്ചു. കൈകാലുകള്‍ അറ്റ നിലയിലുമാണ് പലരേയും ആശുപത്രികളില്‍ എത്തിച്ചത്.

ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top