കൂടെയില്‍ ആടിപ്പാടി പൃഥ്വിയും നസ്രിയയും; മേക്കിങ് വീഡിയോ കാണാം

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ഏറെ സന്തോഷത്തോടെയും ഉല്ലാസത്തോടെയുമാണ് താരങ്ങള്‍ കൂടെ ലൊക്കേഷനില്‍ ചിലവഴിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോദിക പേജിലൂടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.

അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ പിതാവായാണ് എത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിതം നിര്‍മിക്കുന്നത്. പറവയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Top