സിലിയുടെ കൊലപാതകം; തെളിവെടുപ്പിന്‌ ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോളിയെ കോടതിയില്‍ ഹാജരാക്കുന്നത്.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയില്‍ വെച്ച് ജോളി സയനൈഡ് നല്‍കി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളില്‍ ആരെല്ലാം സഹായിച്ചു, ആര്‍ക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.

അതേസമയം റോയ് തോമസ് കൊലക്കേസില്‍ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികളുടെ റിമാന്‍ഡ് ്കാലാവധി നവംബര്‍ രണ്ടുവരെ നീട്ടി.

Top