കൂടത്തായി: പ്രതികളെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു; കൂക്കി വിളിച്ച് ജനം

കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കേസിലെ പ്രതികളായ ജോളി, കൂട്ടുപ്രതികളായ പ്രജികുമാര്‍, മാത്യു എന്നിവരെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചിരിക്കുന്നത്.

തെളിവെടുപ്പിനെ തുടര്‍ന്ന് പൊന്നാമറ്റത്തെ വീടിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശേഷിച്ച സയനൈഡ് കണ്ടെത്താനാണ് ശ്രമം. ജോളിയുടെ അറസ്റ്റോടെ പൊന്നമാറ്റത്തെ വീട് പൊലീസ് സീല്‍ ചെയ്തിരുന്നു. സീല്‍ പൊളിച്ച് നിലവില്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് വന്‍ജനക്കൂട്ടമാണ് പൊന്നാമറ്റം വീടിന് ചുറ്റും രാവിലെ മുതല്‍ തടിച്ച് കൂടിയിരിക്കുന്നത്. പ്രതികളെ പൊന്നാമറ്റത്തെത്തിച്ചപ്പോള്‍ കൂകി വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്. ആളുകളെ നിയന്ത്രിക്കുന്നതിനായി വന്‍ സുരക്ഷ തന്നെ പൊലീസ് ഒരുക്കിയിട്ടുണ്ട്.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ ആറു മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ മരണത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ രണ്ട് പ്രതികളാണുള്ളത്. ജോളിയാണ് ഒന്നാം പ്രതി. മാത്യുവിനെയാണ് രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുള്ളത്. 2016 ജനുവരി 11-ാണ് സിലി മരണപ്പെടുന്നത്.

താമരശ്ശേരി പൊലീസാണ് സിലിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജു കുമാര്‍ എന്നവര്‍ അറസ്റ്റിലായത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങില്‍ കൂടുതല്‍ കൊലപാതകക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റര്‍ ചെയ്ത് ആറ് ടീമുകളായി പിരിഞ്ഞാവും അന്വേഷണം.

2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകമായി ഇന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താനാണ് ആറ് കൊലപാതങ്ങളും നടത്തിയതെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞിരുന്നു.

അതേ സമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ ജോളിയെ കൂടാതെ മാത്യുവിനേയും പ്രതിചേര്‍ത്താണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. ബാക്കി അഞ്ച് കേസുകളിലും ജോളിയും മാത്യുവും പ്രതികളാണ്.

Top