കൂടത്തായി: പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളെയും ഹാജരാക്കാൻ താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

മൂന്ന് പ്രതികളെയും ഇന്ന് രാവിലെയോടെ കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ.

ജോളി മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ കസ്റ്റഡിയിലേക്ക് പ്രതികളെ വിട്ടു കിട്ടുമോയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചെയ്തിട്ടില്ലെന്നും കേസിൽ മനഃപൂർവം കുടുക്കുക ആയിരുന്നു എന്നും മാത്യു പറയുന്നു.

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യലും ആവശ്യമെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കസ്റ്റഡിയിൽ കിട്ടുന്ന പക്ഷം, പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.

പ്രതി ജോളി നടത്തിയ കൂടുതല്‍ വധശ്രമങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുടുംബത്തിനകത്തേയും പുറത്തേയും പലരുടേയും പെണ്‍മക്കളെ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

അടുത്ത സുഹൃത്തായ ജയശ്രീയുടെ മകളെ രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞിന് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിന് വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതില്‍ ജയശ്രീയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

Top