മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോളിയെ ഹാജരാക്കും.

അതേസമയം ആല്‍ഫൈന്‍ വധക്കേസില്‍ എംഎസ് മാത്യുവിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ് ഇതിനുള്ള അപേക്ഷ നല്‍കുക. മദ്യത്തിലും ഭക്ഷണത്തിലും വിഷം കലര്‍ത്തിയാണ് മാത്യുവിനെ കൊന്നതെന്നായിരുന്നു ജോളി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണ് മാത്യുവിനെ കൊലപ്പെടുത്തിയത്.

ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ കട്ടപ്പനയിലെ ജോളിയുടെ അച്ഛനെ അറിയിച്ചതാണ് മാത്യുവിനെ വകവരുത്താന്‍ പ്രധാന കാരണമെന്ന് ജോളി വെളിപ്പെടുത്തിയിരുന്നു. 2014 ഏപ്രില്‍ 24നാണ് ജോളിയുടെ ഭര്‍തൃമാതാവിന്റെ സഹോദരനായ മാത്യുവിന്റെ മരണം.

Top