കൂടത്തായി സംഭവം; ജോളിക്ക് രക്ഷപ്പെടാനാകില്ല, തെളിവുകള്‍ ശക്തം; എസ്.പി

കോഴിക്കോട്: കൂടത്തായി കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ വ്യക്തമാക്കി. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രധാന സാക്ഷികള്‍ റോയ് തോമസിന്റെ മക്കളാണെന്നും മക്കളുടെ മൊഴി നിര്‍ണായകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സൈമണ്‍ പറഞ്ഞു. അതേസമയം ജോളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

റോയ് തോമസ് കേസില്‍ കുറ്റപത്രം നല്‍കിയ ശേഷമാണ് എസ്പിയുടെ പ്രതികരണം. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചു. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍.

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top