കൂടത്തായി;സിനിമയ്ക്കും സീരിയലിനും സ്‌റ്റേയില്ല, എതിര്‍കക്ഷികള്‍ 25ന് ഹാജരാകാന്‍ നോട്ടീസ്‌

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര സിനിമയും സീരിയലുമാക്കുന്നതിനെതിരായ ഹര്‍ജിയില്‍ സ്‌റ്റേയില്ല. ഈ മാസം 25ന് ഹാജരാക്കാന്‍ താമരശ്ശേരി കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. ജോളി, ആന്റണി പെരുമ്പാവൂര്‍, സീരിയല്‍ സംവിധായകന്‍ ഗീരിഷ് കോന്നി അടക്കം എട്ടു പേര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്.

തനിക്ക് പലതും പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും കേസിലെ മുഖ്യപ്രതി ജോളി പറഞ്ഞു. ജോളിക്ക് വേണ്ടി ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകന്‍ നോട്ടീസ് കൈപറ്റി. റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളും നല്‍കിയ പരാതിയിലാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയത്.

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമയും സീരിയലും തങ്ങളെ മാനസികമായി പ്രയാസപ്പെടുത്തുമെന്ന് ചൂണ്ടി കാട്ടിയാണ് റോയി തോമസിന്റെ മക്കള്‍ കോടതിയില്‍ പരാതി നല്‍കിയത്. അതേ സമയം റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ജോളി പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് സഹോദരി രഞ്ജി നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top