കൂടത്തായ്: അണിയറയില്‍ ഒരുങ്ങുന്നത് രണ്ട് സിനിമകള്‍; ആദ്യം പ്രഖ്യാപിച്ചത് താനെന്ന് ഡിനി

കേരളക്കരയെ ഒന്നാകെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പര വെള്ളിത്തിരയിലേയ്ക്ക് എത്തുമ്പോള്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടത്തായ്, കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണക്സ് ഫിലിപ്പാണ്. ജോളി എന്ന സീരിയല്‍ കില്ലറായി വേഷമിടുന്നത് ഡിനി ഡാനിയലാണ്. ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവര്‍കത്തകര്‍ പുറത്തുവിട്ടിരുന്നു. വിജീഷ് തുണ്ടത്തിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അതേസമയം കൂടത്തായി പശ്ചാത്തലത്തില്‍ രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ എന്തു ചെയ്യുമെന്നാണ് ജോളിയായി വേഷമിടുന്ന ഡിനിയുടെ ചോദ്യം. അവര്‍ തന്റെ ആശങ്ക ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി .ഇനിയിപ്പോ എന്ത് എന്നാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോഹന്‍ലാല്‍. ഇതിന് പകരമായാണ് സംഭവ ബഹുലമായ കൂടത്തായി കൂട്ടക്കൊലപാതം സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ചിത്രം ജിത്തു തന്നെയാണോ സംവിധാനം ചെയ്യുന്നതെന്നോ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Top