തഹസില്‍ദാരുടെ മകളെയടക്കം രണ്ട് പെണ്‍കുട്ടികളെ കൂടി ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്പി

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ.ജി സൈമണ്‍. അടുത്തകാലത്താണ് ഈ ശ്രമങ്ങള്‍ നടന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തഹസിൽദാർ ജയശ്രീയുടെ മകളെയും ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് കൊല്ലാൻ ശ്രമിച്ചത്. അത് പാളിപ്പോവുകയായിരുന്നു. ഒന്നര വയസ്സുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ ജോളി കൊല്ലാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

സത്യം പറഞ്ഞാൽ ഇത് വല്ലാത്ത സംഭവമാണ്, സീരിയസ് കേസാണ്, എല്ലാ തരത്തിലും കേസുകൾ അന്വേഷിച്ച് വരികയാണ്. മുൻ കോൺഗ്രസ് നേതാവായിരുന്ന രാമകൃഷ്ണന്‍റെ മകൻ രോഹിത് നൽകിയ പരാതിയും ഗൗരവതരമായിത്തന്നെ അന്വേഷിക്കും”, കെ ജി സൈമൺ പറഞ്ഞു.

തഹസിൽദാർ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്‍റെ അടിസ്ഥാനത്തിൽ റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ സ്ഥലത്തിന്‍റെ വസ്തുവിന്‍റെ നികുതി അടച്ച രശീതിയടക്കം ജോളി സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പല സാമ്പത്തിക ഇടപാടുകളിലും ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജയശ്രീയ്ക്ക് വേണ്ടി എന്ന് പറഞ്ഞാണ് ജോളി ജ്വല്ലറി ജീവനക്കാരനായ മാത്യുവിൽ നിന്ന് സയനൈഡ് വാങ്ങുന്നത്. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് പറഞ്ഞത്. ജയശ്രീയും തന്നോട് നേരിട്ട് സയനൈഡ് തരണം എന്നാവശ്യപ്പെട്ടിരുന്നു. എത്ര അളവിൽ കൊടുത്തു എന്ന കാര്യം മാത്യു ഓർക്കുന്നില്ലെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.

Top