പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ ജോ​ളി​യു​മാ​യി രാ​ത്രി​യി​ല്‍ വീ​ണ്ടും തെ​ളി​വെ​ടു​പ്പ്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുമായി തിങ്കളാഴ്ച രാത്രി വൈകി വീണ്ടും കൂടത്തായി പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു അന്വേഷണസംഘം കൂടത്തായിയില്‍ എത്തിയതെന്നാണു സൂചന.

അതേസമയം കൊലപാതകങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്.പി ദിവ്യ ഗോപിനാഥ് അറിയിച്ചു. തെളിവ് ശേഖരിക്കാനായി അന്വേഷണസംഘം മൂന്ന് പേര്‍ കൊല ചെയ്യപ്പെട്ട പൊന്നാമറ്റം വീട്ടിനകത്തും പുറത്തും പരിശോധന നടത്തി.

വൈകിട്ട് ആണ് ഐ.സി.ടി എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടില്‍ എത്തിയത്. കൊലപാതക പരമ്പരയില്‍ ആദ്യത്തെ കേസായ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളും ജോളിയുടെ മുന്‍ഭര്‍ത്താവ് റോയ് തോമസിന്റെ മരണവും ഈ വീട്ടില്‍ വച്ചാണ് നടന്നത്. ഇതില്‍ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നടന്നിട്ടില്ല.

ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും അന്നമ്മയുടെ മരണം അന്വേഷിക്കുന്ന പേരാമ്പ്ര സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും നേരത്തെ തന്നെ പൊന്നാമറ്റെത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു.

Top