വ്യാജ ഒസ്യത്ത് നിര്‍മ്മിക്കല്‍; ഡെപ്യുട്ടി തഹസില്‍ദാര്‍ ജോളിയെ സഹായിച്ചതിന് തെളിവ്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ പോലീസ് കസ്റ്റഡിയിലായ ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാനായി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചതിന് തെളിവ് കണ്ടെത്തിയതായി അന്വേഷണ സംഘം.

ജയശ്രീക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെയും ഷാജുവിന്റെയും വിവാഹ സല്‍ക്കാരത്തിലും ജയശ്രീ പങ്കെടുത്തതിന്റെ ഫോട്ടോയും മറ്റും നേരത്തെ കണ്ടെത്തിയിരുന്നു. വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടതിന് സിപിഎം ലോക്കല്‍ സെക്രട്ടറിയായ മനോജിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ജയശ്രീയുടെ മകളെയും ജോളി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചതിന്റെ തെളിവ് ഇല്ലാതാക്കാനാകും ഇത്തരത്തില്‍ ജോളി പദ്ധതിയിട്ടതെന്നാണ് അനുമാനം.

അതേസമയം വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതിനെകുറിച്ച് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. ജയശ്രീ കുടുംബ സുഹൃത്തായിരുന്നു. ജയശ്രീയുടെ വീട്ടിലെ ചടങ്ങുകളില്ലൊം ജോളിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്.

തനിക്കറിയാത്ത പല കാര്യങ്ങളും ജയശ്രീക്കറിയാം. ജോളിയുടെ ഫോണ്‍ എവിടെയാണെന്നറിയില്ല. ജോളിയുടെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും കൊണ്ടുപോയി എന്നാണ് കരുതിയത്. ജോളിയുടെ ബന്ധുക്കളുടെ കയ്യിലുണ്ടാകുമെന്ന് കരുതിയിരുന്നത്. കല്യാണത്തിന് മുന്‍പ് തന്നെ ജോളിയോടൊപ്പം ജയശ്രീയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഷാജു പറഞ്ഞു.

ഇതിനിടെ കൂടത്തായിയിലെ കൂട്ടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം വിപുലീകരിക്കുകയാണ്. ആറു കൊലപാതകങ്ങള്‍ക്കും പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിക്കുന്നത്.

Top