കൂടത്തായി കൊലപാതകം; ജോളിയെ കോയമ്പത്തൂരിലും കട്ടപ്പനയിലുമെത്തിച്ച് തെളിവെടുത്തേക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ പ്രതികളെ കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.

പുതുതായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഈ മാസം 19ന് കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും.

കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും ജോളിയുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരില്‍ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു. കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാർ, ജോളിയുടെ ഭർത്താവ് ഷാജു, അച്ഛൻ സക്കറിയ എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ, ഷാജുവിന്‍റെ മുന്‍ ഭാര്യ സിലിയുടെ 40 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

Top