റോയ് കൊലക്കേസില്‍ ഭാര്യ ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

വടകര : പൊന്നാമറ്റം റോയ് കൊലക്കേസില്‍ ഭാര്യ ജോളിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ഇവരുടെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഇന്നലെയാണ് ജോളിയുടെ കൂട്ടുകാരി റാണിയുടെ മൊഴിയെടുത്തത്. മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ജോളിയുടെ സുഹൃത്ത് റാണിയെ അന്വേഷണ സംഘം ഇന്നലെ രാത്രി വിട്ടയിച്ചിരുന്നു. ജോളിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ജോളിയുടെ ഫോണ്‍ നിറയെ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളുമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ ജോളിയുടെ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്.

എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലി ചെയ്യുന്നത്. എന്നാല്‍ ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇല്ല. ഇരുവരും ഒന്നിച്ച് എന്‍.ഐ.ടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോട്ടോയില്‍ ജോളി നീല നിറത്തിലുള്ള എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കുന്നതും കാണാം. എന്നാല്‍ പോലീസിന്റെ ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ഒന്നും റാണിയെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ജോളി തയ്യാറായില്ല.

അതേസമയം ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അവരെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നാളെത്തന്നെ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.

Top