പൊന്നാമറ്റം വീട്ടില്‍ സയനൈഡ് ; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ജോളി

കോഴിക്കോട് : കൂടത്തായി കൂട്ട കൊലപാതക കേസില്‍ തെളിവ് ശേഖരിക്കാന്‍ എത്തിയ വിദഗ്ധസംഘം പൊന്നാമറ്റം വീട്ടില്‍ നിന്നും സയനൈഡ് കണ്ടെടുത്തു. മുഖ്യപ്രതി ജോളിയെ ഇന്നലെ രാത്രി വീണ്ടും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുപ്രധാന തെളിവ് കണ്ടെടുക്കാനായത്.

ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്. രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓര്‍മ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നല്‍കിയത്. പിന്നീട് രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി തന്നെ സയനെഡ് കണ്ടെടുത്തു നല്‍കുയായിരുന്നു.

സ്വയം ജീവനൊടുക്കാനായാണ് സയനൈഡ് കരുതിയതെന്നായിരുന്നു വിദഗ്ധ സംഘത്തോട് ജോളി പറഞ്ഞത് . 6 മരണങ്ങളുമായി ബന്ധപ്പെട്ടും വിദഗ്ധ സംഘം പ്രത്യേകം പ്രത്യേകം തെളിവുകള്‍ ശേഖരിക്കും.

ടോം തോമസിന്റെയും അന്നമ്മയുടെയും റോയി തോമസിന്റെയും മരണങ്ങൾ നടന്ന വീട്ടിൽ നിന്ന് വൈകിട്ട് ആറുമണി മുതൽ തന്നെ വിദഗ്ധ സംഘം തെളിവുകൾ ശേഖരിച്ചു തുടങ്ങിയിരുന്നു. പിന്നീടാണ് ജോളിയെ നേരിട്ട് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചത്. അയൽ വീടുകളിൽ നിന്നു കൂടി സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു.

അതേസമയം കേസിലെ പരാതിക്കാരന്‍ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കും. വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയാണ് റോജോ മൊഴി നല്‍കുക. അമേരിക്കയിലായിരുന്ന റോജോയെ കേസന്വേഷണത്തിനായി അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കൂടത്തായ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്.

Top