ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; കോടതിയില്‍ ഹാജരാക്കും

വടകര : കൂടത്തായി കൊലപാതക കേസുകളിലെ മുഖ്യപ്രതി ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജോളിയെ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കുമെന്നാണ് സൂചന.

ഈ മാസം പത്തിനാണ് താമരശേരി കോടതി ജോളിയെ 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. റോയ് തോമസിന്റെ മരണത്തിലായിരുന്നു പൊലീസ് ജോളിയെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഈ കേസില്‍ കോടതി 6 ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റ് 5 മരണങ്ങളില്‍ കൂടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ കേസുകളുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കേസുകളുടെ വേരുകള്‍ കട്ടപ്പനയിലും കോയമ്പത്തൂരിലുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യം കൂടി പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും.

അതേസമയം പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കൂടത്തായിയിലെ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ മൊഴി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെന്നും റോജോ അറിയിച്ചു.

കേസില്‍ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയത്. തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോള്‍ സത്യങ്ങള്‍ ചുരുളഴിയുന്നതായും റോജോ പറഞ്ഞു.

അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. എസ്.പി കെ.ജി സൈമണില്‍ വിശ്വസിക്കുന്നുവെന്നും റോജോ വ്യക്തമാക്കി. രാവിലെ അമേരിക്കയില്‍ നിന്നെത്തിയ റോജോ ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കൂടത്തായ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്.

Top