കൂടത്തായി: ജോളി അടക്കമുള്ള പ്രതികളെ കോടതിയില്‍ എത്തിച്ചു, കൂകിവിളിച്ച് ജനം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയെയും കൂട്ടുപ്രതികളെയും താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലേക്കെത്തിച്ചു. ജയിലില്‍ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ് എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. മറ്റു പ്രതികളായ ജോളി ജോസഫിനേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല.താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന.

ജയിലിലില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും ഒന്നും മിണ്ടിയില്ല. പ്രതികള്‍ക്കായി കനത്ത സുരക്ഷാ വലയം പോലീസ് തീര്‍ത്തിരുന്നു.

മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണെന്ന് പ്രജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നിരപരാധിയാണെന്നും പ്രജികുമാര്‍ പറഞ്ഞു. അതേ സമയം ജോളിയും മാത്യുവും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും പറഞ്ഞില്ല.

പ്രതികളെ കാണുന്നതിനായി താമരശ്ശേരി കോടതി പരിസരത്ത് വന്‍ജനക്കൂട്ടം എത്തിയിരുന്നു. ജോളിയുമായുള്ള പോലീസ് വാഹനം എത്തിയതോടെ ജനക്കൂട്ടം കൂകി വിളിച്ചു. ആളുകളെ വകഞ്ഞ്മാറ്റിക്കൊണ്ടാണ് പോലീസ് ജോളിയെ കോടതി വളപ്പിലേക്കെത്തിച്ചത്.

Top