അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി, കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്ന് റോജോ

വടകര : കൂടത്തായി കൊലപാതക കേസിലെ പരാതിക്കാരന്‍ റോജോയുടെയും സഹോദരി റെഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൈയിലുള്ള രേഖകളെല്ലാം പൊലീസിന് കൈമാറിയെന്ന് രണ്ടാം ദിവസവും മൊഴി നല്‍കിയശേഷം റോജോ പറഞ്ഞു.

അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്, കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും റോജോ വ്യക്തമാക്കി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരനാണ് റോജോ .

അതേസമയം കേസില്‍ പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ജോളി, കൂട്ടു പ്രതികളായ പ്രജികുമാര്‍, എം.എസ്. മാത്യു എന്നിവരുടെ കസ്റ്റഡിയാണ് നീട്ടി നല്‍കിയത്. താമരശേരി കോടതിയാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ പ്രതികളുടെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. അന്വേഷണം കോയമ്പത്തൂരിലേക്ക് നീട്ടണമെന്നും പ്രതികളെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യുഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.

ജോളിയുടെ ജാമ്യാപേക്ഷ ഇന്നാണ് സമര്‍പ്പിച്ചത്. മറ്റ് രണ്ട് പ്രതികളുടേയും ജാമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെ പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ കോടതി 10 മിനിറ്റ് സമയം അനുവദിച്ചു. പ്രജികുമാറിന്റെ ഭാര്യ നല്‍കിയഅപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്.

പ്രജികുമാര്‍ കോയമ്പത്തൂരില്‍ നിന്നാണ് സയനൈഡ് കൊണ്ടുവന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരെത്തിച്ച് തെളിവെടുപ്പ് നടത്തണം.അതിനായി മൂന്ന് ദിവസംകൂടി കസ്റ്റഡി നീട്ടി നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ മൂന്ന് പ്രതികളുടേയും അഭിഭാഷകര്‍ ശക്തമായി രംഗത്തെത്തി. തുടര്‍ന്ന് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡി നീട്ടി നല്‍കുകയായിരുന്നു.

Top