അരുംകൊലകളുടെ ബാക്കിപത്രം; അവസാന സയനൈഡ് കരുതിവെച്ചത് തനിയ്ക്കായി ,ജോളി

കോഴിക്കോട്: കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൂട്ടകൊലക്കേസില്‍ പ്രതി ജോളിയില്‍ നിന്ന് ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സയനൈഡ് ഉപയോഗിച്ചാണ് ജോളി അരുംകൊലകള്‍ നടത്തിയത്. തിങ്കളാഴ്ചരാത്രി ചോദ്യംചെയ്യല്‍ അവസാനിക്കുന്ന വേളയില്‍ കൊലയ്ക്കുപയോഗിച്ചവയില്‍ ബാക്കി സയനൈഡ് വീട്ടിലുണ്ടെന്ന് ജോളി വെളിപ്പെടുത്തി.

”ബാക്കി സയനൈഡ് വീട്ടിലുണ്ട്.ഇത് തനിക്കായി കരുതിവെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടംവന്നാല്‍ കഴിക്കാന്‍ വെച്ചതാണെന്നും ജോളി പോലീസിനോടു വെളിപ്പെടുത്തി. അറസ്റ്റുചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഇതുകഴിക്കാനായിരുന്നു ജോളി ആലോചിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍, രാവിലെതന്നെ പോലീസ് എത്തിയതോടെ ഈ നീക്കം പൊളിയുകയായിരന്നു.

ചോദ്യംചെയ്യലില്‍ സയനൈഡ് വീട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയ ഉടന്‍തന്നെ ജോളിയെ അന്വേഷണസംഘം വടകര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന പുറത്തിറക്കി. വാഹനം വടകര ഭാഗത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ കോട്ടക്കടവില്‍നിന്ന് പോലീസ് വാഹനം തിരിച്ചു. വീണ്ടും വന്ന വഴിയെതന്നെ താമരശ്ശേരിയിലേക്ക് കുതിച്ചു. കുറച്ചുസമയം കഴിഞ്ഞാണ് ജോളിയുമായി വീണ്ടും പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നെന്ന വാര്‍ത്ത പുറത്തായത്. രാത്രി ഒമ്പതരയോടെ തുടങ്ങിയ തെളിവെടുപ്പ് അവസാനിച്ചത് പന്ത്രണ്ടേകാലിനാണ്.

അടുക്കളയിലെ റാക്കിനുള്ളില്‍ ചെമ്പുപാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ച കുപ്പി ജോളി എടുത്തുകൊടുത്തു.തെളിവെടുപ്പ് സമയത്ത് പോലീസ് വിവരസാങ്കേതിക വിദ്യാവിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ഈ കുപ്പിയിലെ വസ്തു പരിശോധിച്ചു. വിശദപരിശോധനയ്ക്ക്‌ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. കണ്ടെത്തിയത് സയനൈഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതില്‍ ആരോപണമുന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആഭരണങ്ങള്‍ കാണാതായതില്‍ ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകള്‍ ആല്‍ഫൈന്‍ മരിച്ച ദുഃഖത്തില്‍ കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിക്ക് നല്‍കാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശേരിയിലെ ദന്താശുപത്രിയിലെത്തിയതെന്നും, ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണില്‍ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളില്‍ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നായിരുന്നു.

Top