കൂടത്തായി: ഒരു കേസില്‍ കൂടി ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കോഴിക്കോട്‌: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക.

അതേസമയം,ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ്‌പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ജോളിക്കൊപ്പം യുവതി എന്‍ഐടിക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Top