കൂടത്തായി കൊലപാതക പരമ്പര ; എംഎസ് മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി എംഎസ് മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അന്വഷണ സംഘത്തിന്റെ തീരുമാനം.

കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കി എന്നതാണ് എംഎസ് മാത്യുവിനെതിരേയുള്ള കുറ്റം. ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച് ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് മാത്യു മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളിയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴിയും മാത്യു നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാപ്പ് സാക്ഷിയാകേണ്ടെന്ന നിലപാടിലായിരുന്നു എംഎസ് മാത്യു. ഇയാള്‍ക്ക് ലഭിച്ച നിയമോപദേശവും ഇത് തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാപ്പ് സാക്ഷിയായി പുതിയ ജീവിതം നയിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാത്യു അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

Top