ജോളിയുടെ സഹോദരന്റെയും സഹോദരി ഭര്‍ത്താവിന്റെയും രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യ പ്രതി ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

ജോളിയുടെ രണ്ട് സഹോദന്മാരുടെ രഹസ്യമൊഴി ബുധനാഴ്ച മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. താനാണ് കൊലപാതകങ്ങളെല്ലാം നടത്തിയതെന്ന് ജോളി സഹോദരന്മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ജോളിയുടെ സഹോദരന്മാരായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണിത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തിയത്.

ഭര്‍ത്താവ് റോയിയടക്കം ആറ് പേരേയും കൊലപ്പെടുത്തിയത് താനാണെന്നും പറ്റിപ്പൊയെന്നും ജോളി ഇടുക്കി കട്ടപ്പനയിലെ വീട്ടിലെത്തിയാണ് തുറന്ന് സമ്മതിച്ചത്. രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു.

Top