കൂടത്തായി: ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടി പോലീസ്, സാമ്പിളുകള്‍ വിദേശ ലാബുകളിലേക്കയക്കും

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ വിദേശ രാജ്യങ്ങളിലെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടി പോലീസ്. സെമിത്തേരിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് അമേരിക്കയിലേക്ക് സൂക്ഷ്മ പരിശോധനക്കായി അയക്കുക. സയനൈഡ് അകത്തു ചെന്നായിരിക്കാം എല്ലാവരും മരിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായാണ് ശാസ്ത്രീയ പരിശോധനക്ക് വിദേശ ലാബുകളുടെ സഹായം തേടുന്നത്.

2002 മുതല്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് പോലീസിന് അഴിച്ചെടുക്കാനുള്ളത്. പതിറ്റാണ്ടിനപ്പുറം അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുക ഫോറന്‍സിക് വിഭാഗത്തിന് ശ്രമകരമായ ജോലിയായിരിക്കും.മൈറ്റോകോണ്‍ട്രിയല്‍ ഡി.എന്‍.എ പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്.

നിലവില്‍ റോയി തോമസിന്റെ മരണത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മറ്റ് മരണങ്ങളും പ്രത്യേക കേസുകളായി രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടുപോകുക. ഇതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം തേടും. ഇതിന് സംസ്ഥാനത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.

Top