കല്ലറ തുറന്നാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് പ്രചരിപ്പിച്ചു; ജോളി നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേരള പൊലീസ്. കേസിലെ മുഖ്യപ്രതി ജോളി കൊലപാതകങ്ങള്‍ നടത്തിയതിനൊപ്പം അവ ഒരിക്കലും കണ്ടുപിടിക്കാതിരിക്കുവാനുള്ള നീക്കങ്ങളും കൃത്യമായി നടത്തിയതും തെളിവുകള്‍ നശിപ്പിച്ചതുമാണ് പൊലീസിനെ കുഴക്കുന്നത്.

കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനായി പൊലീസ് മരിച്ചവരുടെ കല്ലറ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പള്ളി വികാരിയെ സമീപിച്ചിരുന്നുവെന്നും കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കുടുംബങ്ങള്‍ക്കിടയില്‍ ജോളി പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജോളിയുടെ അയല്‍വാസിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. കല്ലറ തുറക്കുന്നത് ജോളി ഭയപ്പെട്ടിരുന്നു. കല്ലറ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ താന്‍ പിടിക്കപ്പെടുമെന്ന് ജോളി പറഞ്ഞിരുന്നു. ജോളി ഭയപ്പെട്ടിരുന്നുവെന്നും പരിഭ്രാന്തി കാണിച്ചിരുന്നുവെന്നും മക്കളുടെ കാര്യത്തില്‍ ജോളിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അയല്‍വാസി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൂടത്തായിയിലെ കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. ആറുപേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി ജോളി സമ്മതിച്ചതായും പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പറ്റിപോയെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top