ഷാജുവിന് കുരുക്കു മുറുക്കി പൊലീസ് ; ഇന്നു നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിന്റെയും ജോളിയുടെയും മൊഴികളില്‍ വലിയ വൈരുധ്യങ്ങളുണ്ട്. അതിനാല്‍ രണ്ടുപേരേയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക. സിലിയെയും മകള്‍ ആല്‍ഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക.

ഞായറാഴ്ച എസ്.പി ഓഫിസില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടിലെത്തിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികള്‍ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.

ആദ്യ ചോദ്യം ചെയ്യലില്‍ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

Top