പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയത്; മാത്യുവിനെയും ജോളിയെയും തള്ളി പ്രജികുമാര്‍

കോഴിക്കോട്: കൂടത്തായി കോലപാതകക്കേസിലെ മുഖ്യപ്രതി ജോളിക്ക് പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയതെന്ന് കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.

പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ പറയുന്നു. എന്നാല്‍ പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജോളിയുടെ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും മറിച്ച് പെരുച്ചാഴിയെ കൊല്ലുന്നതിന് വേണ്ടിയാണ് സയനൈഡ് മാത്യുവിന് നല്‍കിയതെന്നും പ്രജികുമാര്‍ പറയുന്നു. കേസില്‍ സയനൈഡ് കൈപ്പറ്റി അത് ജോളിക്ക് നല്‍കിയ എം.എസ്. മാത്യുവും അറസ്റ്റിലാണ്.

പ്രതികളെ മൂന്നുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍. ഹരിദാസന്‍ ഇന്നലെ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാനായി ഇന്നു ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Top