അന്നമ്മയുടെയും സിലിയുടെയും ആഭരണങ്ങള്‍ ജോണ്‍സണ്‍ മുഖേന പണയം വെച്ചുവെന്ന് ജോളി

കോഴിക്കോട്: കൊല്ലപ്പെട്ട അന്നമ്മയുടെയും സിലിയുടെയും സ്വര്‍ണാഭരണങ്ങള്‍ സുഹൃത്ത് ജോണ്‍സണ്‍ മുഖേന പണയം വെച്ചുവെന്നാണ് ജോളിയുടെ മൊഴി. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ചോദ്യം ചെയ്യുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.

ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകം നടന്നതെന്നാണ് ജോളി ഇപ്പോഴും അന്വേഷണസംഘത്തിനു മുന്നില്‍ ആവര്‍ത്തിക്കുന്നത്.എന്നാല്‍ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഷാജു പറഞ്ഞത്. സിലി കൊല്ലപ്പെട്ട ശേഷം ഷാജുവിന് മൊബൈല്‍ സന്ദേശം അയച്ചുവെന്ന്‌ ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മരണം ഉറപ്പാക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് സിലിയെ കാറില്‍ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നു പറഞ്ഞത് ഷാജുവാണെന്നും ജോളിയുടെ മൊഴിയിലുണ്ട്. ഇതില്‍ ഏതൊക്കെ കാര്യങ്ങള്‍ ഷാജുവിനും സഖറിയാസിനും അറിയാമെന്ന കാര്യങ്ങള്‍ തെളിവു സഹിതം കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.

സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നല്‍കിയെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 2016 ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകള്‍ക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നല്‍കിയത്.

അതേസമയം, കേസില്‍ ഒന്നാംപ്രതിയായ ജോളിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് ഇന്ന് നടക്കുക. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ഇന്നലെ 11 മണിക്കൂറിലധികം അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയും ചോദ്യം ചെയ്യല്‍ തുടരും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ കട്ടപ്പനയില്‍ തെളിവെടുപ്പ് നടത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുണ്ട്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന

Top