ഷാജുവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; മൊഴി പരിശോധിക്കുമെന്ന് എസ്.പി കെ.ജി സൈമണ്‍

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു. ഷാജുവിനെ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. ഇനിയും നിരവധി പേര്‍ക്ക് പങ്കുണ്ടാവാമെന്നും നിരവധി പേരെ ചോദ്യം ചെയ്യുമെന്നും എസ്.പി കെ.ജി സൈമണ്‍മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹങ്ങളുടെ രാസപരിശോധനാ ഫലം വിദേശത്ത് നടത്തണമെങ്കില്‍ എല്ലാ സൌകര്യങ്ങളും ചെയ്യാമെന്ന് ഡി.ജി.പി അറിയിച്ചെന്നും കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.

കൊലപാതകവുമായി ഷാജുവിന് നേരിട്ട് ബന്ധമുള്ളതായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലുകള്‍ തുടരും. എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടി. ഇവിടം വിട്ട് പോകരുത് എന്ന നിര്‍ദേശം ഷാജുവിന് നല്‍കിയിട്ടുണ്ട്.

അതേസമയം കൂടത്തായിയിലെ കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഷാജു പൊലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. ജോളിയെ പേടിച്ചാണ് വിവരങ്ങള്‍ പുറത്തുപറയാഞ്ഞതെന്നും പൊലീസിനോട് ഷാജു സമ്മതിച്ചതായാണ് വിവരം.

Top