കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരന്‍ റോജോ തോമസ് എസ് പി ഓഫീസിലെത്തി

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ തോമസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കാനായി വടകര എസ് പി ഓഫീസിലെത്തി. കൂടത്തായി പരമ്പരക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരനാണ് റോജോ.

അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം മൊഴി നല്‍കാനായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍നിന്ന് നാട്ടിലെത്തിയത്. എസ് പി ഓഫീസിലെത്തിയ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്, മൊഴിയെടുപ്പിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു റോജോയുടെ മറുപടി.

റോജോയ്ക്കൊപ്പം സഹോദരി റെഞ്ചിയും എത്തിയിട്ടുണ്ട്. കൂടത്തായിയിലെ മരണങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റോജോയോട് ചോദിച്ചേക്കും. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു, ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയ എന്നിവരെ തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കൂടത്തായ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്

Top