പൊന്നാമറ്റം വീടിന്റെ പരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചു; ജോളിയെ കുടുക്കിയത് ഇങ്ങനെ

താമരശ്ശേരി: കൂടത്തായി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം ചെയ്തതു ജോളി താമസിക്കുന്ന പൊന്നാമറ്റം വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയുന്നതിനുള്ള ശ്രമമാണ്.

ഇതിനായി പൊന്നാമറ്റം വീടിന്റെ പരിസരത്ത് അതിവിദഗ്ധമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് വീട്ടുകാരും നാട്ടുകാരും അറിഞ്ഞില്ല. ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പൊലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് ‘പ്രോത്സാഹന’മാവുകയും ചെയ്തെന്നും ജോളി ജോസഫ് പൊലീസിനോട് തുറന്നുപറഞ്ഞു. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി കുറ്റബോധമില്ലാതെ വിവരിച്ചു.

Top